മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങൾ സിവിൽ ഏവിയേഷൻ അഫയേഴ്സ് പുതുക്കി. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ഏറ്റവും പുതിയ ശുപാർശകൾ പ്രകാരം സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇതുപ്രകാരം റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചു.
പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ:
- മൊസാംബിക്ക്
- മ്യാൻമർ
- സിംബാബ്വെ
- മംഗോളിയ
- നമീബിയ
- മെക്സിക്കോ
- ടുണീഷ്യ
- ഇറാൻ
- ദക്ഷിണാഫ്രിക്ക
- ഇന്തോനേഷ്യ
- ഇറാഖ്
- ഫിലിപ്പൈൻസ്
- പനാമ
- മലേഷ്യ
- ഉഗാണ്ട
- ഡൊമിനിക്കൻ റിപ്പബ്ലിക്
നിലവിൽ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾ:
- ഇന്ത്യ
- പാകിസ്ഥാൻ
- ശ്രീലങ്ക
- ബംഗ്ലാദേശ്
- നേപ്പാൾ
- വിയറ്റ്നാം
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരോ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച യാത്രക്കാരോ രാജ്യത്ത് പ്രവേശിക്കുന്നത് നിരോധിച്ചു. എന്നാൽ ബഹ്റൈൻ പൗരന്മാർക്കും റെസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കും. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് നടത്തിയ ക്യൂ ആർ കോഡോഡ് കൂടിയ കോവിഡ് പരിശോധനാ ഫലം കൊണ്ടാകണം വരേണ്ടത്. എത്തിച്ചേരുമ്പോൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകണം. എയർപോർട്ടിൽ എത്തുമ്പോഴും പത്താം ദിനവും കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്, ബഹ്റൈൻ ഇ-ഗവൺമെൻറ് പോർട്ടൽ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിയോസ്കിൽ കറൻസിയിലോ കാർഡ് വഴിയോ അടക്കാവുന്നതാണ്.
റെഡ്ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പത്തു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ ഏച്ച് ആർ എ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് സർവീസിന്റെ രേഖ യാത്രക്കാർ ഹാജരാക്കണം. 6 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവുകളുണ്ട്. റെഡ്ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന വാക്സിൻ സ്വീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവുകൾ ഒന്നും തന്നെയില്ല.
റെഡ്ലിസ്റ്റ് ചെയ്യപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കുള്ള നിലവിലെ നിബന്ധനകൾ തുടരും.