
ന്യൂയോർക്ക്: യു.എൻ. ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിൻ്റെ ഭാഗമായി ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരും ചൈനയും തമ്മിൽ നടന്ന സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു.
ജി.സി.സി. മന്ത്രിതല സമിതി അധ്യക്ഷനായ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സാദ് അൽ മുറൈഖി യോഗത്തിൽ അധ്യക്ഷനായി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൈനീസ് പ്രതിനിധിസംഘത്തെ നയിച്ചു. ജി.സി.സി. സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും യോഗത്തിൽ പങ്കെടുത്തു.
ജി.സി.സിയും ചൈനയും തമ്മിലുള്ള ദീർഘകാല സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പൊതു താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി എല്ലാ തലങ്ങളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
ഗാസയിലെ സാഹചര്യം, സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഗാസയ്ക്ക് മാനുഷിക സഹായം നൽകാനും മിഡിൽ ഈസ്റ്റിൽ സമാധാനം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, ബന്ദികളെ മോചിപ്പിക്കുന്നതിനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അറബ്- അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവയും ചർച്ചാവിഷയങ്ങളായി.
ഐക്യരാഷ്ട്ര സഭയിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റൊവൈയ്, ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല ബിൻ അലി അൽ ഖലീഫ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
