മനാമ: എട്ടാമത് ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നുണ്ട്. ഒപ്പം ലോകോത്തര ഷെഫുകളെ പരിചയപ്പെടുകയും ചെയ്യാം. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും ഉണ്ടാകും.
മറാസി ബീച്ചിലെ പ്രധാന വേദിയിൽ ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്ട്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നീ പ്രശസ്ത ബാൻഡുകളും ഒപ്പം പ്രാദേശിക കലാകാരന്മാരും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കും. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടികൾ, തത്സമയ സംഗീത പ്രകടനങ്ങൾ, ആകർഷകമായ ഗെയിമുകൾ, നിരവധി സമ്മാനങ്ങൾ, കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ കളി സ്ഥലങ്ങൾ എന്നിവയും ഭക്ഷണമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ് മത്സരവും 12നും 17നും ഇടയിൽ പ്രായമുള്ളവർക്കായി ലിറ്റിൽ ഷെഫ് മത്സരവും നടക്കും. 2023ൽ നടന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ 14 ദിവസങ്ങളിലായി 1,68,000 സന്ദർശകരാണ് എത്തിയത്.