
മനാമ: കോവിഡ് -19 സൂചികയിൽ ബഹ്റൈൻ വീണ്ടും ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ജപ്പാനിലെ നിക്കേയി കോവിഡ് രോഗമുക്തി സൂചികയുടെ ജൂലൈയിലെ റിപ്പോർട്ടിലാണ് രോഗമുക്തി നിരക്കിൽ ബഹ്റൈൻ ഒന്നാമതെത്തിയത്. സൂചികയിൽ പരാമർശിച്ചിരിക്കുന്ന 121 രാജ്യങ്ങളിൽ 78 പോയന്റ് നേടിയാണ് ബഹ്റൈൻ ഒന്നാമത്തെത്തിയത്.
ബഹ്റൈന് പിന്നിൽ 77.5 പോയന്റുമായി കംബോഡിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ രണ്ടാമതും 76 പോയന്റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തുമാണ്. യുഎഇ (75.5), ഖത്തർ (75), സൗദി അറേബ്യ (70), കുവൈറ്റ് (65), ഒമാൻ (62) എന്നീ രാജ്യങ്ങളാണ് ബഹ്റൈന് പിന്നിലായുള്ള അറബ് രാജ്യങ്ങൾ. രോഗപ്രതിരോധം, വാക്സിനേഷൻ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് 121 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. 62.5 പോയന്റുമായി 44ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 39 പോയന്റുള്ള ബാർബഡോസിനാണ് പട്ടികയിൽ അവസാന സ്ഥാനം ലഭിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്ത് രോഗപ്രതിരോധത്തിന് വേണ്ടി ബഹ്റൈൻ കൈക്കൊണ്ട ആരോഗ്യ സുരക്ഷ നടപടികൾ ലോകരാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസ നേടിയിരുന്നു. 82 പോയിന്റുമായി കഴിഞ്ഞ വർഷം ഡിസംബറിൽ ബഹ്റൈൻ ഒന്നാം റാങ്ക് നേടിയിരുന്നു.
മൂന്ന് വിഭാഗങ്ങളുടെയും ഒമ്പത് ഉപവിഭാഗങ്ങളുടെയും ആകെത്തുകയാണ് സ്കോർ കണക്കാക്കുന്നത് . ഓരോന്നിനും പരമാവധി 10 പോയിന്റുകൾ ആണ് നൽകുന്നത്. ആകെ 90 പോയിന്റുകൾ. അണുബാധ മാനേജ്മെന്റിൽ കോവിഡ് -19 സ്ഥിരീകരിച്ച കേസുകൾ, ഉയർന്ന കേസുകളുടെ എണ്ണം, പ്രതിശീർഷ സ്ഥിരീകരിച്ച കേസുകൾ, ഓരോ കേസിലും പരിശോധനകൾ എന്നിവ ഉൾപ്പെടുന്നു.
വാക്സിൻ കാമ്പെയ്ൻ, ഒന്നിലധികം വാക്സിനുകളുടെ ലഭ്യത, പൊതു വിവര പ്രചാരണം, അണുബാധ കൈകാര്യം ചെയ്യൽ, സോഷ്യൽ മൊബിലിറ്റി, മൊത്തം നൽകിയിട്ടുള്ള പ്രതിശീർഷ വാക്സിൻ ഡോസുകൾ, പുതിയ വാക്സിൻ ഡോസുകൾ, പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകളുടെ പങ്ക് എന്നിവയുടെ മാനദണ്ഡത്തിലാണ് സ്ഥാനം കണക്കാക്കിയിട്ടുള്ളത്.
