മനാമ: മൂന്നാമത് ബഹ്റൈൻ സിനിമ ഫെസ്റ്റിവലിനോടനുബന്ധിച്ച് 117 അറബ് ഷോർട്ട് ഫിലിമുകൾ മത്സരത്തിനുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ അഞ്ച് മുതൽ ഒമ്പതു വരെ നീളുന്ന ഫെസ്റ്റിവലിൽ മത്സരിക്കുന്നതിനായി മൊത്തം 476 ഷോർട്ട് ഫിലിമുകളാണ് ആദ്യ ഘട്ട മത്സരത്തിനെത്തിയത്. ഇതിൽനിന്ന് തിരഞ്ഞെടുത്ത 117 ചിത്രങ്ങളായിരിക്കും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.
ഫെബ്രുവരി 15 മുതൽ ജൂൺ 15 വരെയായിരുന്നു ഷോർട്ട് ഫിലിമുകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. നാലു വിഭാഗങ്ങളിലായി 19 ഫീച്ചർ ഫിലിമും മത്സരരംഗത്തുണ്ട്. 76 ഫീച്ചർ ഫിലിമുകളാണ് ആദ്യഘട്ട മത്സരത്തിലുണ്ടായിരുന്നത്. ഡോക്യുമെന്ററി ഇനത്തിൽ 15 സിനിമകളുമുണ്ട്. ആനിമേഷൻ ഫിലിം ഇനത്തിൽ ആറെണ്ണമാണ് മത്സര രംഗത്തുള്ളത്. മൂന്നംഗ ജൂറിയാണ് മത്സരിക്കാനുള്ള സിനിമ നിർണയം നടത്തിയത്.