മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ സിനിമാ ക്ലബ് സംഘടിപ്പിച്ച ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. “സിനിമ ഫോർ യു” എന്ന മുദ്രാവാക്യത്തിലാണ് ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് നടന്നത്. യുവ ബഹ്റൈൻ, അറബ് സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സിനിമാ പ്രതിഭകളെ അവതരിപ്പിക്കുന്നതിനും അവരുടെ സർഗ്ഗാത്മകത ഉയർത്തിക്കാട്ടുന്നതിനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഫെസ്റ്റിവൽ ശ്രമിക്കുന്നു. ഒക്ടോബർ 15 മുതൽ 19 വരെയാണ് ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ നടന്നത്.
ബഹ്റൈന്റെ സാംസ്കാരിക പ്രസ്ഥാനത്തിന്റെ അത്ഭുതകരമായ ഭാഗമാകുകയും രാജ്യത്തിന്റെ പരിഷ്കൃത ചിത്രം അവതരിപ്പിക്കുകയും അറബ് ലോകത്തെ ഭൂപടത്തിൽ ബഹ്റൈൻ പ്രതിഭകളെ സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക സിനിമാറ്റിക് പരിപാടി അവതരിപ്പിക്കുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
25 രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ 430 ചിത്രങ്ങളാണ് മേളക്കായി സമർപ്പിച്ചത്. അതിൽ നിന്നും 49 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത് . അഞ്ചു ദിവസങ്ങളിലായി നടന്ന ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ രണ്ട് വർഷത്തിന് ശേഷമാണ് നടക്കുന്നത്.
രണ്ട് സെഷനുകൾ നടന്ന ‘ബഹ്റൈൻ ക്ലബ് ഫിലിം കോമ്പറ്റീഷന്റെ’ വിപുലീകരണമായാണ് മേള സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ക്ലബ് ഫിലിം കോമ്പറ്റീഷന്റെ 2017- ൽ നടന്ന ആദ്യ സെഷനിൽ 15 ഹ്രസ്വ ബഹ്റൈൻ ചിത്രങ്ങളും 2018 -ൽ നടന്ന രണ്ടാമത്തെ സെഷനിൽ 25 ഹ്രസ്വ ബഹ്റൈൻ ചിത്രങ്ങളും മത്സരിച്ചിരുന്നു.