മനാമ: ബഹ്റൈനി കാർഷികവിളകൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുറന്നു. ‘നമ്മുടെ ഭക്ഷണം… നമ്മുടെ ആരോഗ്യം’ എന്നതാണ് ഇത്തവണത്തെ കാർഷിക ചന്തയുടെ പ്രമേയം. 37 കർഷകരും നാല് കാർഷിക കമ്പനികളുമാണ് കാർഷിക മേളയിൽ പങ്കെടുക്കുന്നത്. ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ ഒമ്പതാം പതിപ്പിനാണ് ആരംഭം കുറിച്ചത്.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ പങ്കാളിത്തത്തോടെ, പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സമുദ്രവിഭവ ഏജൻസിയാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്. ബഹ്റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിവിധ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള അവസരമൊരുക്കുകയാണ് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ മുൻകരുതലും പാലിച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കർഷകർ, നഴ്സറികൾ, കാർഷിക കമ്പനികൾ എന്നിവർക്ക് പുറമെ കർഷക കുടുംബങ്ങൾക്കായുള്ള ഈത്തപ്പഴത്തിനും തേനിനും പ്രത്യേക വിഭാഗവും ഫാർമേഴ്സ് മാർക്കറ്റിന്റെ സവിശേഷതയാണ്. ബഹ്റൈൻറെ കാർഷിക പൈതൃകം വെളിപ്പെടുത്തുന്ന മുൻകാല കാർഷിക യന്ത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ ഗാലറിയും ഒരുക്കിയിട്ടുണ്ട്. മാർച്ച് 27വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ചന്ത പ്രവർത്തിക്കുക.
