
മനാമ: പൊതുമേഖലയിൽ സുസ്ഥിര വികസനത്തിനായി ബഹ്റൈൻ കൃത്രിമ ബുദ്ധിയുടെ (എ.ഐ) സാധ്യതകൾ തേടുന്നു. ഇതിൻ്റെ ഭാഗമായി ബെയിൻ ആൻ്റ് കമ്പനി, വേൾഡ് ഇക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന മന്ത്രാലയം ബഹ്റൈനിൽ ശില്പശാല സംഘടിപ്പിച്ചു.
വ്യവസായങ്ങളിലുടനീളം സുസ്ഥിരത കൈവരിക്കാൻ സഹായിക്കുന്ന ഉയർന്ന ശേഷിയുള്ള എ.ഐ. ഉപയോഗ രീതികൾ തിരിച്ചറിയാൻ ബെയിൻ ആൻ്റ് കമ്പനിയും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലീഡേഴ്സ് ഓഫ് സസ്റ്റൈനബിൾ മെന (എൽ.എസ്.എം) കമ്മ്യൂണിറ്റിയും ചേർന്ന് നടത്തുന്ന വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമാണ് ശിൽപ്പശാല. ബഹ്റൈനിലെ വ്യവസായങ്ങളിലുടനീളം സുസ്ഥിരതാ ശ്രമങ്ങൾ ത്വരിതപ്പെടുത്താൻ ഒരു എ.ഐ. പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനുള്ള ആദ്യപടി കൂടിയാണ് ശിൽപ്പശാല.
ഈ സഹകരണത്തിന്റെ ഫലങ്ങൾ ഒരു ഗവേഷണാധിഷ്ഠിത റിപ്പോർട്ടിൽ ചേർക്കും. 2026ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇത് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലൂടെയും പരിപാടികളിലൂടെയും പ്രദർശിപ്പിക്കും.
ശിൽപ്പശാലയിൽ ബെയിൻ ആൻ്റ് കമ്പനിയിലെ വിദഗ്ധർ പൊതുമേഖലയിലെ എ.ഐ. ആപ്ലിക്കേഷനുകളുടെ ഒരു അവലോകനം അവതരിപ്പിച്ചു.
