മനാമ: പ്രവാസലോകത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കലാ സാഹിത്യ കഴിവുകളുടെ പരിപോഷണത്തിനും പ്രദർശനത്തിനുമായി രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന് തുടക്കമായി. സൽമാബാദ് സുന്നി സെന്ററിൽ വെച്ച് നടന്ന രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ഐ സി എഫ് നാഷനൽ എജ്യുക്കേഷണൽ പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി കിനാലൂർ നിർവഹിച്ചു. വിവിധ ഭാഷ പ്രബന്ധങ്ങൾ, കഥ, കവിത രചനകൾ, കാലിഗ്രഫി, സോഷ്യൽ ട്വീറ്റ് തുടങ്ങിയ 42 ഇനങ്ങളിലായി റിഫ, മുഹറഖ്, മനാമ സോണുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ പങ്കെടുത്തു. സാഹിത്യോത്സവ് തീം സോങ്ങ് ലോഞ്ചിംഗ് അബ്ദു റഹീം സഖാഫി വരവൂർ നിർവഹിച്ചു. ഹംസ പുളിക്കൽ, അബ്ദുല്ല രണ്ടത്താണി, റഷീദ് തെന്നല എന്നിവർ സ്റ്റേജിതര മത്സരങ്ങൾ നിയന്ത്രിച്ചു. സ്ത്രീകളുടെ മത്സങ്ങൾക്ക് ഫാത്തിമ ജാഫർ ശരീഫ്, ടീച്ചർ ലൈല റഹ്മാൻ നേതൃത്വം നൽകി.
ഒക്ടോബർ 27 ന് മനാമ പാകിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സ്റ്റേജ് മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ അടുത്ത സുപ്രധാന ഘട്ടം. ദഫ് മുട്ട്, ഖവാലി, മാപ്പിള പാട്ട്, സംഘ ഗാനം, സൂഫി ഗീതം, കവിത പാരായണം, പ്രസംഗം തുടങ്ങിയ നിരവധി ആകർഷണീയ മൽസരങ്ങളിൽ നാനൂറോളം പ്രതിഭകൾ മാറ്റുരക്കും. ശ്രേണി മത്സര ക്രമപ്രകാരം ആർ എസി സി യുടെ യൂണിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ നിന്നും വിജയികളായ പ്രതിഭകളാണ് ഇരുപത്തി ഏഴിന് സാഹിത്യോത്സവ് വേദിയിലെത്തുക. വെള്ളിയാഴ്ച രാത്രി എട്ടിന് സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കുന്ന സാഹിത്യോത്സവിൽ ബഹ്റൈറിനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
സൽമാബാദിൽ ആർ എസ് സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തിൽ ഗ്ലോബൽ ആർ എസ് സി എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുല്ല രണ്ടത്താണി, അഡ്വ: ശബീർ അലി, ഐ സി എഫ് നേതൃത്വം അബ്ദു റഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, ഖാലിദ് സഖാഫി, ആർ എസ് സി നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഡോക്ടർ നൗഫൽ, സലീം കണ്ണൂർ, ജാഫർ പട്ടാമ്പി, നസീർ കാരാട്, ഫൈസൽ, പി ടി അബ്ദുൽ റഹിമാൻ തുടങ്ങി മറ്റു നേതാക്കളും റിഫ, മനാമ, മുഹറഖ് സോൺ പ്രതിനിധികളും പങ്കെടുത്തു. മുഹമ്മദ് കുഞ്ഞ് സഖാഫി സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.