
മനാമ: ബഹ്റൈൻ സമ്പദ്വ്യവസ്ഥ ഈ വർഷം രണ്ടാം പാദത്തിൽ 6.9 ശതമാനം വളർച്ച കൈവരിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2011നുശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണ് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണയിതര മേഖലകളിലെ വളർച്ചയാണ് സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയത്. ഹോട്ടൽ, റസ്റ്റാറന്റ് മേഖലയാണ് എണ്ണയിതര രംഗത്ത് ഏറ്റവും കൂടുതൽ വളർച്ച നേടിയത്.മുൻ വർഷത്തേക്കാൾ 18.1 ശതമാനം വളർച്ചയാണ് ഈ മേഖല സ്വന്തമാക്കിയത്. 15.1 ശതമാനം വളർച്ചയോടെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മേഖല രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള ഉൽപാദന മേഖലയുടെ വളർച്ച 7.6 ശതമാനമാണ്.
അലൂമിനിയം ബഹ്റൈൻ (അൽബ), ബഹ്റൈൻ നാഷനൽ ഗ്യാസ് കമ്പനി (ബനഗ്യാസ്), ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ) എന്നിവയുടെ ഉൽപാദനത്തിൽ ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തി. വ്യാപാര മേഖല 7.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്. പോയന്റ് ഓഫ് സെയിൽ, ഇ-കോമേഴ്സ് രംഗത്തെ വളർച്ചയാണ് വ്യാപാര മേഖലക്ക് സഹായകമായത്. സർക്കാർ സേവന മേഖലയിൽ 7.1 ശതമാനം വളർച്ചയും രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖലയും ബിസിനസ് സേവന മേഖലയും രണ്ടാം പാദത്തിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. 4.5 ശതമാനമാണ് ഈ മേഖലകളിലെ വളർച്ച.
ഗൾഫ് ഡെവലപ്മെന്റ് ഫണ്ടിനു കീഴിൽ ഈ വർഷം രണ്ടാം പാദത്തിൽ 100 മില്യൺ ഡോളറിന്റെ പദ്ധതികൾക്ക് കരാർ നൽകി. ഇതോടെ, ഈ പദ്ധതിയുടെ കീഴിൽ ഇതുവരെ നൽകിയ കരാറുകളുടെ മൊത്തം തുക 6.1 ബില്യൺ ഡോളറായി ഉയർന്നു. ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഹാർട്ട് സെന്റർ, ജനാബിയ റോഡ് വികസന പദ്ധതി, സ്പോർട്സ് സിറ്റി പദ്ധതി എന്നിവയാണ് ഈ കാലയളവിൽ കരാർ നൽകിയ പ്രധാന പദ്ധതികൾ.
