മനാമ: അഫ്ഗാനിസ്താന് വീണ്ടും ജീവകാരുണ്യ സഹായവുമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ. മരുന്ന്, ഭക്ഷണം ഉൾപ്പെടെ അവശ്യ വസ്തുക്കൾ അടങ്ങിയ നാലാം ഘട്ട സഹായം കഴിഞ്ഞ ദിവസം അയച്ചതായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സെയ്ദ് അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവുപ്രകാരമാണ് സഹായ സാമഗ്രികൾ അയക്കുന്നത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരനായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ആർഎച്ച്എഫിന് ലഭിച്ച പിന്തുണയെ ഡോ. അൽ സെയ്ദ് പ്രശംസിച്ചു. അഫ്ഗാനി ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള നിർദ്ദേശങ്ങൾക്ക് രാജാവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. രാജാവിൻറെ ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ ശ്രമങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
അഫ്ഗാൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ആവശ്യമായ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യവസ്തുക്കൾ എന്നിവ നാലാമത്തെ കയറ്റുമതിയിൽ അടങ്ങിയിട്ടുള്ളതെന്ന് അൽ സെയ്ദ് സൂചിപ്പിച്ചു. ബഹ്റൈനിൽ നിന്നുള്ള നാല് കയറ്റുമതിയും രാജ്യത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും വിവിധ രാജ്യങ്ങളിലെ ദുരിതബാധിതർക്ക് സഹായഹസ്തം നീട്ടാനുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.