മനാമ: ബഹ്റൈൻ സാംസ്കാരിക വസന്തോത്സവത്തിന്റെ ഔദ്യോഗിക ലോഞ്ച് ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്നു. ജനുവരി മുതൽ മാർച്ച് 20 വരെ 11 ആഴ്ച നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവം ബഹ്റൈനിലുടനീളം നിരവധി സ്ഥലങ്ങളിൽ നടക്കും. ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്ന സംഗീതക്കച്ചേരിയോടെയാണ് ഫെസ്റ്റിവലിന് തുടക്കമായത്. സംഗീത കച്ചേരികളും കലാ പ്രദർശനങ്ങളും വിദ്യാഭ്യാസ ശിൽപശാലകളും മറ്റു പ്രാദേശികവും അന്തർദേശീയവുമായ പ്രവർത്തനങ്ങളും വിനോദങ്ങളും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അണിനിരക്കും. നൃത്തം, നാടകം, കല, സംഗീതം, പാട്ട് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ്, ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസർച്ച്, അൽ ദന ആംഫി തിയേറ്റർ എന്നിവ ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അൽ റിവാഖ് ആർട്ട് സ്പേസ്, അൽബാരെ ആർട്ട് ഗ്യാലറി, ആർട്ട് കൺസെപ്റ്റ്, ലാ ഫോണ്ടെയ്ൻ സെന്റർ ഫോർ കണ്ടംപററി ആർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് കൾച്ചർ ഫെസ്റ്റിവൽ നടക്കുക.