മനാമ: ദേശീയ വാക്സിനേഷൻ കാംപെയിൻ വിജയകരമായി തുടരുകയാണെന്നും ബഹ്റൈന് ലഭിച്ച വാക്സിന്റെ സ്റ്റോക്ക് അനുസരിച്ച് വാക്സിനേഷനായി രജിസ്റ്റർ ചെയ്തവരുടെ തിയതി അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ വാക്സിനേഷൻ കാമ്പെയ്ൻ അനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒരു ദശലക്ഷത്തിലധികം വാക്സിനേഷനുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത വാക്സിൻ നിർമ്മാതാക്കളിൽ നിന്നും കൂടുതൽ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വാക്സിൻ നിർമ്മാതാക്കളുമായി ഓർഡർ നൽകിയ ആഗോള രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈൻ പൊതുജനങ്ങൾക്ക് സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
13 ദിവസത്തിനുള്ളിൽ ബഹ്റൈനിൽ കുത്തിവയ്പ് നടത്തിയ പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം 56,041 ൽ എത്തി. ഇത് രാജ്യത്തിന്റെ കൂട്ടായ ദേശീയ ഉത്തരവാദിത്തത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നു. ഇതുവരെ വാക്സിനേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രാലയം നന്ദി പറഞ്ഞു. ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനായി https://healthalert.gov.bh/en/category/vaccine എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കും.