
മനാമ: ലൈസൻസില്ലാതെ റെസ്റ്റോറന്റ് നടത്തുകയും കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിൽപന നടത്തിയ റസ്റ്റാറന്റ് ഉടമയ്ക്ക് ശിക്ഷ വിധിച്ചു ബഹ്റൈൻ കോടതി. മൂന്ന് വർഷം തടവും 7,200 ദിനാർ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും സാധനങ്ങളും വിൽപന നടത്തുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
പ്രതിയുടെ സ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചു വീട്ടിൽ വെച്ച് ഭക്ഷണം പാകം ചെയ്യുകയും പിന്നീട് റസ്റ്റാറന്റിൽ ഈ ഭക്ഷണം വിൽപന നടത്തുകയും ചെയ്യുന്നു എന്നായിരുന്നു ജീവനക്കാരന്റെ മൊഴി. വിവരം നൽകിയ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.
പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുകയും കാലാവധി കഴിഞ്ഞതായ ഭക്ഷ്യ വസ്തുക്കൾ വൻ തോതിൽ ഇവിടെ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചത്.


