മനാമ: കോവിഡ് ജാഗ്രത ലെവൽ കണക്കാക്കുന്ന രീതിയിൽ ബഹ്റൈൻ മാറ്റം വരുത്തി. ഓരോ ദിവസവും ഐ.സി.യുവിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് ലെവലുകൾ തീരുമാനിക്കുക. പുതിയ രീതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഐ.സി.യുവിൽ കഴിയുന്ന രോഗികളുടെ 14 ദിവസത്തെ പ്രതിദിന ശരാശരി അമ്പതോ അതിൽ താഴെയോ ആണെങ്കിൽ ഗ്രീൻ ലെവലായിരിക്കും. ഏഴു ദിവസത്തെ പ്രതിദിന ശരാശരി 51നും 100നും ഇടയിലാണെങ്കിൽ യെല്ലോ ലെവലും നാലു ദിവസത്തെ പ്രതിദിന ശരാശരി 101നും 200നും ഇടയിലാണെങ്കിൽ ഓറഞ്ച് ലെവലും മൂന്നു ദിവസത്തെ പ്രതിദിന ശരാശരി 201ന് മുകളിലാണെങ്കിൽ റെഡ് ലെവലും ആയിരിക്കും. ഉയർന്ന ലെവലിൽനിന്ന് താഴേക്ക് മാറണമെങ്കിൽ ഒരാഴ്ചയെങ്കിലും അതേ ലെവലിൽ തുടരണം.
എന്നാൽ, താഴ്ന്ന ലെവലിൽനിന്ന് മുകളിലേക്ക് മാറണമെങ്കിൽ ഈ വ്യവസ്ഥ ബാധകമല്ല. അടിയന്തര സാഹചര്യങ്ങളിൽ ഏത് ലെവലിലേക്ക് മാറുന്നതിനും മെഡിക്കൽ സമിതിക്ക് ശിപാർശ ചെയ്യാൻ സാധിക്കും. ഇതിന് പുറമേ, വാക്സിൻ സ്വീകരിക്കാത്തവർ ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കണമെങ്കിൽ ശരീരോഷ്മാവ് പരിശോധിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കുകയും ചെയ്തു. ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രീതിയും ഇനിയുണ്ടാകില്ല. കാത്തിരിപ്പ് ഏരിയ വീണ്ടും തുറക്കാനും തീരുമാനിച്ചു. അതേസമയം, സ്ഥാപനങ്ങളുടെ അകത്ത് മാസ്ക് ധരിക്കുന്നതിലും അണുനശീകരണം നടത്തുന്നതിലും വീഴ്ച പാടില്ലെന്നും മെഡിക്കൽ സമിതി അറിയിച്ചു.