ഒറാൻ: അൾജീരിയയിൽ ജൂലൈ 15 വരെ നടക്കുന്ന പതിനഞ്ചാമത് അറബ് സ്പോർട്സ് ഗെയിംസിൽ ബഹ്റൈൻ കൂടുതൽ മെഡലുകൾ നേടി. ബഹ്റൈൻ ദേശീയ അത്ലറ്റിക്സ് ടീം മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി. രാജ്യത്തിന്റെ നേട്ടം 14 സ്വർണവും 7 വെള്ളിയും 7 വെങ്കലവുമടക്കം 28 ആയി ഉയർന്നു.
വനിതകൾക്കായുള്ള 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഓട്ടത്തിൽ വിൻഫ്രെഡ് യാവി 9:04:54 മിനിറ്റിനു ശേഷം സ്വർണം നേടിയപ്പോൾ, 10,000 മീറ്റർ ഓട്ടം 31:40:02 മിനിറ്റിൽ പൂർത്തിയാക്കിയ ബോണ്ടു റോബിതു സ്വർണം നേടി.
4×100 റിലേ റേസിൽ 44:44 സെക്കൻഡിൽ വിജയിച്ച ബഹ്റൈൻ വനിതാ ടീമാണ് മൂന്നാം സ്വർണം നേടിയത്. ബഹ്റൈൻ പുരുഷ അത്ലറ്റിക്സ് ടീം 4×100 റിലേ ഓട്ടത്തിൽ 40:19 സെക്കൻഡിൽ വെള്ളി മെഡൽ നേടി.
നിലവിൽ ബഹ്റൈൻ മെഡൽ പട്ടികയിൽ രണ്ടാമതാണ്. ആതിഥേയരായ അൽജീരിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. 34 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമടക്കം 78 മെഡലുകളാണ് അൽജീരിയ നേടിയത്. 7 സ്വർണവും 20 വെള്ളിയും 11 വെങ്കലവുമടക്കം 38 മെഡലുകളുമായി മൊറോക്കോയാണ് മൂന്നാമത്.
അൽജീരിയ, ബഹ്റൈൻ, കൊമോറോസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്. ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നിങ്ങനെ 22 രാജ്യങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 20 കായിക ഇനങ്ങളാണ് ഗെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, നീന്തൽ, ടെന്നീസ്, വോളിബാൾ, ഭാരോദ്വഹനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 15നാണ് സമാപനച്ചടങ്ങ്.