മനാമ: ഇന്ത്യൻ ബഹുരാഷ്ട്ര ബയോടെക്നോളജി കമ്പനിയായ “ഭാരത് ബയോടെക്” നിർമ്മിക്കുന്ന കോവിഡ്-19 വാക്സിനേഷനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അംഗീകാരം നൽകി. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്.
അടുത്തിടെ ഇന്ത്യയുടെ കേവാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്കിയിരുന്നു. 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് ബഹ്റൈനിൽ ഇത് ലഭ്യമാകും. നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക് ഇന്ത്യ നൽകിയ വിവരങ്ങളുടെയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് കോവാക്സിൻ ഉപയോഗിക്കാൻ ബഹ്റൈൻ അനുമതി നൽകിയത്. എൻഎച്ച്ആർഎയുടെ ക്ലിനിക്കൽ ട്രയൽ കമ്മിറ്റിയും ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണൈസഷൻ കമ്മിറ്റിയും ചേർന്നാണ് സൂക്ഷ്മമായ വിലയിരുത്തൽ നടത്തിയത്.
വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 26,000-ത്തിലധികം ആളുകൾ പങ്കെടുത്തു. കോവിഡ് -19 നെതിരെ രണ്ട് ഡോസ് വാക്സിൻ 77.8% ഫലപ്രദമാണെന്നും കോവിഡിന്റെ ഗുരുതരമായ കേസുകൾക്കെതിരെ 93.4% ഫലപ്രദമാണെന്നും കണ്ടെത്തി.