മനാമ: കോവിഡ്-19 ആന്റിവൈറൽ മരുന്നായ പാക്സ്ലോവിഡിന്റെ അടിയന്തര ഉപയോഗത്തിന് നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അനുമതി നൽകി. രോഗലക്ഷണം ഗുരുതരമാകാൻ സാധ്യതയുള്ള, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഗുളിക രൂപത്തിലുള്ള ഈ മരുന്ന് നൽകുന്നത്. അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ഉൽപാദിപ്പിച്ച മരുന്നിന്റെ ഗുണഫലങ്ങൾ എൻ.എച്ച്.ആർ.എയുടെ കീഴിലെ ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട്സ് റഗുലേഷൻ ഡിപ്പാർട്മെന്റ് (പി.പി.ആർ) വിലയിരുത്തിയ ശേഷമാണ് അനുമതി നൽകിയത്. ഗുരുതര രോഗ സാധ്യതയുള്ളവരിൽ ആശുപത്രി വാസവും മരണനിരക്കും 89 ശതമാനം കുറക്കാൻ മരുന്നിന് കഴിയുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞത്. ഒമിക്റോൺ വേരിയന്റിനെതിരെയും ഗുളിക ഫലപ്രദമാണെന്നാണ് വിലയിരുത്തൽ.
മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ജനുവരിയിൽതന്നെ ബഹ്റൈനിൽ എത്തുമെന്നാണ് കരുതുന്നതെന്നും എൻ.എച്ച്.ആർ.എ വ്യക്തമാക്കി. കോവിഡ് വൈറസ് ശരീരത്തിനകത്ത് പെരുകുന്നത് തടയുക വഴി അണുബാധ നിയന്ത്രിക്കുകയാണ് പാക്സ്ലോവിഡ് ചെയ്യുന്നത്. ശരീരത്തിൽ വൈറസ് പെരുകുന്നത് തടയാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ട് കോ-പാക്കേജ് ആൻറിവൈറൽ മെഡിസിൻ (PF-07321332, Ritonavir) അടങ്ങിയതാണ് പാക്സ്ലോവിഡ്.
ആഗോള പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി വൈറസിനുള്ള എല്ലാ അംഗീകൃത മരുന്നുകളും ഏറ്റെടുക്കുന്നതിൽ രാജ്യം മുൻപന്തിയിലാണ്. മെർക്ക് ഗുളികയായ മോൾനുപിരാവിറും പ്രതിരോധത്തിനുള്ള കൃത്രിമ മരുന്നായ റെഗ്ൻ-കോവ് 2 ഉം (Merck pill Molnupiravir and Regn-Cov2) ഓഗസ്റ്റിൽ അംഗീകരിച്ചു. കോവിഡ് -19 ചികിത്സിക്കുന്നതിനുള്ള ആദ്യകാല മരുന്നുകളിൽ ഒന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിഞ്ഞ വർഷം ഏപ്രിലിൽ ബഹ്റൈൻ അംഗീകരിച്ചു.