മനാമ: 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് ബഹ്റൈൻ മന്ത്രിസഭ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിസഭയുടെ പ്രഖ്യാപനം.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 -ന്റെ ഭാഗമായി വൃത്തിയുള്ളതും ഹരിതവും സുസ്ഥിരവുമായ വളർച്ച കൈവരിച്ച് ദേശീയ സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കുന്നതിനായി ബഹ്റൈൻ ഇതിനോടകം തന്നെ മലിനീകരണം കുറച്ചിട്ടുണ്ട്. കാർബൺ-ക്യാപ്ചർ സാങ്കേതികവിദ്യയും വനവൽക്കരണവും ഉൾപ്പെടെ വിവിധ ഓഫ്സെറ്റിംഗ് പദ്ധതികളാൽ ശക്തിപ്പെടുത്തിയ സർക്കുലർ കാർബൺ ഇക്കോണമി ബഹ്റൈൻ സ്വീകരിക്കും.
Also read: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ഡിസംബറിൽ പുനഃരാരംഭിക്കും
പരിസ്ഥിതി സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് മേധാവി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പറഞ്ഞു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും നേതൃത്വത്തിൽ രാജ്യത്തുടനീളം പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതും ഭാവി തലമുറകളെ പിന്തുണയ്ക്കുന്നതുമായ ഒരു പരിസ്ഥിതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
