മനാമ: ബഹ്റൈനിന്റെ പുനരുദ്ധാരണത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭൂവിസ്തൃതി 60 ശതമാനം വർധിപ്പിച്ച് പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ പദ്ധതി, സ്പോർട്സ് സിറ്റി തുടങ്ങിയ വൻ പദ്ധതികളാണ് വരും വർഷങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. പുതിയ വികസന പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലും തന്ത്രപ്രധാനമായ മുൻഗണനാ മേഖലകളിലും 30 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് നടത്തുന്നത്. ടെലികോം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉൽപാദനം, ആരോഗ്യം എന്നിവയുൾപ്പെടെ 22 സുപ്രധാന മേഖലകളിലാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. ബഹ്റൈന്റെ ‘സാമ്പത്തിക ദർശനം 2030’പദ്ധതിക്ക് ഊർജം പകരുന്നതാണ് പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ.
ബഹ്റൈൻ സമ്പദ്വ്യവസ്ഥയുടെ ദീർഘകാല മത്സരക്ഷമത വർധിപ്പിക്കാനും കോവിഡ് മഹാമാരിക്കുശേഷമുള്ള വളർച്ച ത്വരിതപ്പെടുത്താനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാർപ്പിട സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യങ്ങളും ഒരുമിച്ചു കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പദ്ധതികൾക്കായി നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ വകുപ്പ് മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു.
ബഹ്റൈനിന്റെ മൊത്തം ഭൂവിസ്തൃതി 60% വർദ്ധിപ്പിച്ച് പുതുതായി നിർമ്മിച്ച ദ്വീപുകളിൽ അഞ്ച് നഗരങ്ങൾ സൃഷ്ടിക്കുന്നത് പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. 183 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഫാഷ്ത് അൽ ജാരിം എന്ന ഏറ്റവും വലിയ നഗരത്തിൽ റസിഡൻഷ്യൽ, ലോജിസ്റ്റിക്സ്, ടൂറിസം ഹബുകളും പുതിയ വിമാനത്താവളവുമുണ്ടാകും. 25 കിലോമീറ്റർ നീളത്തിൽ നാലുവരിപാതയിൽ പുതിയതായി നിർമിക്കുന്ന കിങ് ഹമദ് കോസ്വേ, സൗദി അറേബ്യയുമായും മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാരവും സഞ്ചാരവും സുഗമമാക്കുകയും രാഷ്ട്രീയ, തന്ത്രപര, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
നിർമാണത്തിനൊരുങ്ങുന്ന പുതിയ മെട്രോ പദ്ധതി തിരക്കുകൾ കുറച്ച് ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യും. 109 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ശൃംഖല രാജ്യത്തെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. 20 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ആദ്യഘട്ടം ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമയെയും ഡിപ്ലോമാറ്റിക് ഏരിയയെയും ബന്ധിപ്പിച്ച് സീഫ് വരെ നീളുന്നതാണ്.
ടെക്നോളജി രംഗത്തും വൻതോതിൽ നിക്ഷേപം നടത്തുക വഴി കരയിലൂടെയും കടലിലൂടെയുമുള്ള ഫൈബർ ഒപ്റ്റിക്സ് ശൃംഖലയിലൂടെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് ഗതാഗത കണക്റ്റിവിറ്റി പൂർത്തീകരിക്കും. നിരവധി പുതിയ ഡാറ്റാ സെന്റർ പദ്ധതികളിലെ ഗണ്യമായ നിക്ഷേപം പുതുതലമുറ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾക്ക് പിന്തുണയേകും.
ബഹ്റൈനിലെ ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയവും മൾട്ടി പർപ്പസ് ഇൻഡോർ സ്പോർട്സ് ഏരിയയും ഉൾക്കൊള്ളുന്നതാണ് സ്പോർട്സ് സിറ്റി പദ്ധതി. ഇവന്റുകളുടെയും വിനോദങ്ങളുടെയും കായിക വിനോദങ്ങളുടെയും കേന്ദ്രമാക്കി ബഹ്റൈനെ മാറ്റുകയാണ് ലക്ഷ്യം. കൂടാതെ, സഖീറിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ “കോൺഫറൻസ് സിറ്റി” ആകും. ബഹ്റൈനെ ആഗോള സന്ദർശക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ”ടൂറിസ്റ്റ് സിറ്റി” പദ്ധതിയും നടപ്പാക്കും. ഇതിനായി ബഹ്റൈനിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിരവധി റിസോർട്ടുകളാണ് ഒരുക്കുന്നത്.
സ്ട്രാറ്റജിക് പ്രോജക്ട് പ്ലാൻ ബഹ്റൈനിലെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല, രാജ്യത്തിന്റെ ജനതയുടെ ഭാവി അഭിവൃദ്ധിക്കുവേണ്ടിയുള്ള നിക്ഷേപം കൂടിയാണ്.