
മനാമ: ഇരട്ടനികുതി ഇല്ലാതാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള കരാറിൽ ബഹ്റൈനും ജേഴ്സിയും ഒപ്പുവെച്ചു.
ബഹ്റൈന് വേണ്ടി ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും ജേഴ്സിക്ക് വേണ്ടി ജേഴ്സിയുടെ വിദേശകാര്യ മന്ത്രി സെനറ്റർ ഇയാൻ ഗോർസ്റ്റുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് കരാറെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ആകർഷകമായ നിക്ഷേപ അവസരങ്ങൾ സുഗമമാക്കുന്നതിലും ഇത്തരം കരാറുകൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനും ജേഴ്സിക്കുമിടയിലുള്ള സാമ്പത്തിക ബന്ധങ്ങളും സഹകരണവും കൂടുതൽ വികസിപ്പിക്കാനും പരസ്പര താൽപര്യമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാനും ഇരട്ടനികുതി കരാർ ലക്ഷ്യമിടുന്നു.
