മനാമ: ബഹ്റൈനിലെ പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി ആരംഭിച്ച ആരോഗ്യ പരിരക്ഷാ പദ്ധതി കൂടുതൽ വിപുലമായ ഘട്ടത്തിലേക്ക് മുന്നേറാൻ ഒരുങ്ങുകയാണ്. ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹാതിയുടെ ആദ്യ ഘട്ടം ഈ വർഷം രണ്ടാം പാദത്തിൽ ആരംഭിക്കും. സ്വദേശികൾക്കും പ്രവാസികൾക്കും ലഭ്യമായ നിരവധി ഘടകങ്ങളോടെയാണ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് പറഞ്ഞു.
തുടക്കത്തിൽ പ്രവാസികളെയായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. സ്വദേശികളെ അടുത്ത വർഷം ആരംഭത്തിൽ പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞ വർഷം പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചിരുന്നു. പൂർണമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഈ വർഷം രണ്ടാം പാദത്തിൽ ഇൻഷുറൻസ് പദ്ധതി ഔദ്യോഗികമായി ആരംഭിക്കാൻ തീരുമാനിച്ചത്.
പ്രവാസികളായ പുരുഷന്മാർക്ക് ജനിച്ച ബഹ്റൈനി കുട്ടികൾ, പ്രവാസികളെ വിവാഹം കഴിഞ്ഞ സ്വദേശികൾ, മന്ത്രിസഭ തീരുമാനപ്രകാരമുള്ള മാനദണ്ഡത്തിൽ വരുന്ന മറ്റ് പ്രവാസികൾ എന്നിവരെയും പൗരന്മാരായി പരിഗണിക്കും. ഇവർക്ക് ഇൻഷുറൻസ് പദ്ധതിയിൽ മാൻഡേറ്ററി കവറേജ് ഉണ്ടായിരിക്കും. വീട്ടുജോലിക്കാരും ബഹ്റൈനികൾ സ്പോൺസർ ചെയ്യുന്ന മറ്റ് തൊഴിലാളികളും നിശ്ചിത വ്യവസ്ഥകളോടെ ഇതിൽ ഉൾപ്പെടും.
സ്വദേശികൾക്കുള്ള മാൻഡേറ്ററി കവറേജിൽ പ്രാഥമികാരോഗ്യ പരിചരണം, ലബോറട്ടറി, റേഡിയോളജി, ഓപറേഷനുകൾ, െമറ്റേണിറ്റി, ദന്താരോഗ്യം, മാനസികാരോഗ്യം, ഫിസിയോതെറപ്പി, നഴ്സിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. മെഡിക്കൽ പ്ലാസ്റ്റിക് സർജറി, ഐ.വി.എഫ്, അമിതവണ്ണത്തിനുള്ള ചികിത്സ, ആംബുലൻസ് സർവിസ് എന്നിവയും ഇൻഷുറൻസ് പരിധിയിൽ വരും. പ്രവാസികൾക്കുള്ള മാൻഡേറ്ററി കവറേജിൽ പ്രൈമറി, സെക്കൻഡറി ആരോഗ്യ പരിചരണം, അപകടം അല്ലെങ്കിൽ മറ്റ് എമർജൻസി ചികിത്സകൾ എന്നിവ ഉൾപ്പെടുന്നു. സ്വദേശികൾക്കും പ്രവാസികൾക്കും ഇച്ഛാനുസരണം തിരഞ്ഞെടുക്കാവുന്ന മറ്റു ഘടകങ്ങളും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്.
2018-ലെ ഹെൽത്ത് ഇൻഷുറൻസ് നിയമം നമ്പർ 23 അനുസരിച്ച്, എല്ലാ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. ബഹ്റൈനിലെ ആരോഗ്യ വ്യവസായത്തിന് മുന്നോട്ടുള്ള വഴിയൊരുക്കുന്ന ദേശീയ ആരോഗ്യ പദ്ധതിയുടെ (2016- 2025) ഭാഗമാണ് തീരുമാനം. നിലവിലെ ആരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാരം വികസിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സോഷ്യൽ ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം (SEHATI) സ്വീകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.