
മനാമ: പതിനേഴാമത് സാംസ്കാരികോത്സവത്തിനൊരുങ്ങി ബഹ്റൈൻ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന സംസ്കാരത്തിന്റെ വസന്തോത്സവം ഫെബ്രുവരി 14-ന് ബഹ്റൈൻ നാഷണൽ തിയേറ്ററിൽ തുടക്കം കുറിക്കും. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA), ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസർച്ച്, അൽ ദന ആംഫി തിയേറ്റർ, അൽ റിവാഖ് ആർട്ട് സ്പേസ്, അൽ ബരേ ഫൈൻ ആർട്സ് ആൻഡ് ആർട്ട് കൺസെപ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സാംസ്കാരികോത്സവം നടക്കുന്നത്. സാഹിത്യം, സംഗീതം, കല, ഫൈൻ ആർട്സ്, നാടകം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സാംസ്കാരിക ഉത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ബഹ്റൈനിലെ കൾച്ചറൽ ഹാളിൽ പൊതുജനങ്ങൾക്കായി നിരവധി സായാഹ്ന പരിപാടികളും പൊതുപരിപാടികളും ഉണ്ടായിരിക്കും. ഇറ്റലി, യുഎസ്, ഇന്ത്യ, ജപ്പാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ ബഹ്റൈനിലെ നിരവധി എംബസികളും സാംസ്കാരികോത്സവത്തിന്റെ ഭാഗമാകും. springofculture.org എന്ന വെബ്സൈറ്റ് വഴിയാണ് സാംസ്കാരിക വസന്തോത്സവ പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്നത്.
അൽ ദാനാ ആംഫി തിയേറ്ററിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സാംസ്കാരികോത്സവ പരിപാടികൾ പ്രഖ്യാപിച്ചത്. ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, അൽ ദാനാ ആംഫിതിയേറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെയ്ൻ ചാൽമർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഈജിപ്ഷ്യൻ കലാകാരനായ മഹ്മൂദ് സയീദിന്റെ സംഗീത കലാപ്രകടനം വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.
