
മനാമ: വിമാനത്താവളത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി ബഹ്റിൻ എയർപോർട്ട് കമ്പനി. നിബന്ധനകൾ പാലിക്കാതെ സന്ദർശക വിസയിൽ എത്തി വിമാനത്താവളത്തിൽ നിന്ന് തിരിച്ചു മടങ്ങേണ്ടി വരുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദീനാർ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. ഇതിനു പുറമേ, ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബഹ്റൈനിലെ സ്പോൺസറുടെ താമസസ്ഥലത്തിന്റെ ഇലക്ട്രിസിറ്റി ബില്ലും വാടകക്കരാർ രേഖയും വേണം. കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതമാണ് ഇത് സമർപ്പിക്കേണ്ടത്.
റിട്ടേൺ ടിക്കറ്റാണ് സന്ദർശക വിസക്കാർ നിർബന്ധമായും പാലിക്കേണ്ട മറ്റൊരു നിബന്ധന. ഗൾഫ് എയർ വിമാനത്തിൽ വരുന്നവർ റിട്ടേൺ ടിക്കറ്റ് മറ്റ് എയർലൈൻസിന്റേതാണെങ്കിൽ ബഹ്റൈനിലെ എമിഗ്രേഷൻ പരിശോധന സമയത്ത് സാധുവായ ടിക്കറ്റ് നമ്പർ കാണിക്കണം.
വിനോദസഞ്ചാരം ഉദ്ദേശിച്ചാണ് ബഹ്റൈൻ ഒരു വർഷത്തെ വിസ അനുവദിക്കുന്നത്. എന്നാൽ, ഇത് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ നിബന്ധനകൾ കർശനമാക്കിയത്.
