കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുഞ്ഞിന്റെ അമ്മ ഹാജിറ നജ ഉത്തരമേഖലാ ഐ.ജിയെ കണ്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാലാണ് ഐജി നീരജ് കുമാർ ഗുപ്തയെ നേരിട്ട് കണ്ട് പരാതി നൽകുന്നത്.
കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിലെ സമരം പിൻവലിച്ചിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ കുടുംബാംഗങ്ങൾ ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐഎംഎ നാളെ സംസ്ഥാനതല പണിമുടക്ക് നടത്തും. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.