മലമ്പുഴ: ഒരു വ്യക്തിയെ രക്ഷിക്കാൻ വേണ്ടിയുള്ള അസാധാരണമായ രക്ഷാ ദൗത്യമാണ് മലമ്പുഴയിൽ നടന്നത്. 45 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ സൈന്യം ബാബുവിനെ രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചപ്പോൾ അവിടെ മലയാളികൾക്ക് പരിചിതമായ മുഖമുണ്ടായിരുന്നു ചെങ്ങന്നൂർ സ്വദേശി ലെഫ്. കേണൽ ഹേമന്ദ് രാജ്. 2018ലെ പ്രളയകാലത്ത് പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അതേ സൈനികൻ തന്നെ.
പ്രളയകാലത്തെ രക്ഷകൻ തന്നെ കേരളം കണ്ട സമാനതകളില്ലാത്ത മറ്റൊരു രക്ഷാപ്രവർത്തനത്തിന്റെയും ഭാഗമായത് തീർത്തും യാഥൃശ്ചികമായാണ്.
2018ലെ പ്രളയം
ഓണം ആഘോഷിക്കാൻ ലീവിന് വന്നപ്പോഴാണ് അന്ന് സേനയിൽ മേജറായിരുന്ന ഹേമന്ത് രാജ് പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. ഇന്ത്യൻ ആർമിയിലെ 28 മദ്രാസ് സപ്ത് ശക്തി കമാൻഡ് വിംഗിലെ ഓഫീസറാണ് ഹേമന്ത് രാജ്. നൂറ് കണക്കിന് ആളുകളെയാണ് മത്സ്യത്തൊഴിലാളികൾക്കും പൊലീസിനും ഒപ്പം നിന്ന് അന്ന് ഹേമന്ത് രാജ് രക്ഷിച്ചെടുത്തത്.
2018 ആഗസ്റ്റ് 18 നാണ് ഹേമന്തിന് ലീവ് അനുവദിച്ചത്. ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് ആയിരുന്നു ഫ്ലൈറ്റ്. ദില്ലിയിലെത്തിയപ്പോഴാണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയക്കെടുതികളെക്കുറിച്ച് ഹേമന്ത് അറിയുന്നത്. തന്റെ കുടുംബാംഗങ്ങൾ എല്ലാവരും ദുരിതാശ്വാസ ക്യാംപിലാണെന്നും തന്റെ നാട് മുഴുവൻ പ്രളയക്കെടുതിയിലാണെന്നും ഹേമന്ത് അറിഞ്ഞു. അതുപോലെ തന്റെ കൊച്ചി ഫ്ലൈറ്റ് കാൻസലായെന്നും.
‘ഇൻഡിഗോ എയർലൈൻസിനോട് തന്നെ തിരുവനന്തപുരം വരെ എത്തിക്കാമോ എന്ന് ഞാൻ ചോദിച്ചു. എന്റെ നാടിനെ രക്ഷിക്കാൻ എനിക്ക് സാധിക്കുമെന്നും ഞാനവരെ അറിയിച്ചു. എന്റെ യൂണിഫോമിനെ അവർ ബഹുമാനിച്ചു. അതുകൊണ്ടാകാം ആഗസ്റ്റ് 19 ന് രണ്ട് മണിയോടെ ഞാൻ തിരുവനന്തപുരത്തെത്തി.’- ഹേമന്തിന്റെ വാക്കുകൾ.
തിരുവനന്തപുരത്ത് എത്തിയ ഉടൻ ഹേമന്ത് ആദ്യം ചെയ്തത് ആർമി അധികൃതരെ വിളിച്ച് ചെങ്ങന്നൂരിലേക്ക് എയർ ഡ്രോപ് എത്തിച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു. റോഡുകളും മറ്റ് ഗതാഗത സൗകര്യങ്ങളും താറുമാറായിക്കിടക്കുന്നതിനാൽ ഹെലികോപ്റ്റർ പോലെയുള്ള സംവിധാനങ്ങൾ മാത്രമേ സാധ്യമാകൂ എന്നും അറിയിച്ചു. അതുപോലെ മൊബൈൽ ഫോൺ റേഞ്ചും ഇവിടെ ലഭിക്കുന്നുണ്ടായിരുന്നില്ല. ചെങ്ങന്നൂരിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിന് പോലും അപ്പോൾ ഒന്നും അറിയില്ലായിരുന്നു എന്നാണ് ഹേമന്ത് രാജ് അന്ന് പറഞ്ഞത്.
തൊട്ടടുത്ത കോളേജ് ഗ്രൗണ്ടാണ് ഹെലിപാഡ് ആയി തെരഞ്ഞടുത്തത്. അവിടെത്തന്നെ ദുരിതാശ്വാസ ക്യാംപും പ്രവർത്തിച്ചിരുന്നു. ആദ്യം ചെയ്തത് സേവന സന്നദ്ധരായ കുറച്ച് വിദ്യാർത്ഥികളെയും വിമുക്തഭടൻമാരെയും കണ്ടെത്തുകയായിരുന്നു. പതിമൂന്ന് റെസ്ക്യൂ യൂണിറ്റുകളായി രക്ഷാപ്രവർത്തകരെ വിഭജിച്ച് വിമുക്ത ഭടൻമാരിൽ ഒരാളെ വീതം അവർക്കൊപ്പം അയച്ചു. ഭാഷയുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയായിരുന്നു ഇത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ഇവർക്കൊപ്പം ചേർന്നു.
ചെങ്ങന്നൂരിലെ പലയിടങ്ങളിലായി ഒറ്റപ്പെട്ട് കിടന്നവരെ രക്ഷിച്ച് കൊണ്ടുവന്നത് ഇവരായിരുന്നു. അതിൽ സ്ത്രീകളും ചെറിയ കുട്ടികളും ഉൾപ്പെട്ടിരുന്നു. മുപ്പത്തിയഞ്ചോളം വിമുക്തഭടൻമാരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. അതിനൊപ്പം കോളേജ് വിദ്യാർത്ഥികളും. ലാപ്ടോപ്പും ഫോണും എത്തിച്ച് താത്ക്കാലിക ഓപ്പറേഷൻ സെന്റർ സ്ഥാപിക്കാൻ മുൻകൈയെടുത്തത് വിദ്യാർത്ഥികളാണ്. സഹായം ചോദിച്ച് വരുന്ന പോസ്റ്റുകളും സന്ദേശങ്ങളും അപ്പപ്പോൾ തന്നെ വിലാസം ഉൾപ്പടെ ലോക്കേറ്റ് ചെയ്തു.
രക്ഷാ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഹേമന്ത് എവിടെയാണെന്ന് അന്ന് കുടുംബം പോലും തിരിച്ചറിഞ്ഞത്.
കൂനൂർ ദുരന്ത ഭൂമിയിലും കർമ്മനിരതൻ
മറ്റൊരു ദുരന്തമുഖത്ത് കൂടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ട നിയോഗം ഹേമന്ദ് രാജിനുണ്ടായി. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ തെരച്ചിലിനിറങ്ങിയവരിൽ ഹേമന്ദും ഉണ്ടായിരുന്നു.
