തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് തൊട്ടരികെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശാനുസരണം സ്ഥാപിച്ചതാണ് ആഴിമല ക്ഷേത്രം. നൂറ് കണക്കിന് തീർഥാടകരാണ് ഇവിടേക്ക് മുമ്പ് വന്നിരുന്നത്. പ്രത്യേകിച്ച് സ്ത്രീ തീർഥാടകർ ധാരാളം എത്തിയിരുന്നു. ഇന്ന് ആഴിമലയിലേക്ക് കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്നത് ഇവിടെ സ്ഥാപിച്ച ശിവ പ്രതിമ കൂടിയാണ്.
കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്. ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുമുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശില്പത്തിൽ നമുക്ക് കാണാൻ കഴിയുക. പൂർണമായും കോൺക്രീറ്റിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേർന്ന് ആയതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന.
ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീർണമുള്ള ധ്യാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്. ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്നാണ് മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത്. മണ്ഡപത്തിൽ ശിവന്റെ ശയന ശില്പം, അർദ്ധനാരീശ്വര ശില്പം, ഒൻപത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശില്പങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ആഴിമല സ്വദേശി തന്നെയായിട്ടുള്ള പിഎസ് ദേവദത്തൻ എന്ന യുവശില്പി 6 വർഷങ്ങൾ കൊണ്ടാണ് ശില്പം യാഥാർത്ഥ്യമാക്കിയത്.
ഇപ്പോൾ ആയിരക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലേക്ക് എത്തുന്നത്. ആഴിമലയിലെ കടൽത്തീരത്താകെ ശില്പചാരുതയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ എത്തുന്നവരുടെ കൂട്ടമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന ടൂറിസം വകുപ്പിന്റെ പിൽഗ്രിം ടൂറിസം സർക്യൂട്ടിലേക്ക് ആഴിമലയെ കൂടി ഉൾപ്പെടുത്തുകയാണ്. പിൽഗ്രിം ടൂറിസം പദ്ധതിയിലൂടെ അമിനിറ്റി സെന്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അപകട സാധ്യതയുള്ള മേഖല ആയതിനാൽ സുരക്ഷക്ക് കൂടി പ്രാധാന്യം കൊടുത്തു കൊണ്ടാവും പദ്ധതി ആവിഷ്കരിക്കുക.