
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സ് ബലത്തില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സല്മാന് നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ആറാംവിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും തകര്‍പ്പനടിക്കാരന്‍ സല്മാന് നിസാറും ഒന്നുചേര്‍ന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയര്‍ത്തു. ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ തലേന്നത്തെ ഹീറോ സച്ചിന് ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന് മടങ്ങി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന് ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല.
തുടര്‍ന്ന് അസ്ഹറുദ്ദീനും (100നോട്ടൗട്ട് ) സല്മാന് നിസാറും (36നോട്ടൗട്ട്) ക്രീസില്‍ ഒന്നിച്ചു. സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹര്‍.
