തിരുവനന്തപുരം: കെ.ടി. ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തി, നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും നടപടി വേണമെന്നുമാണ് മാത്യു കുഴൽനാടൻ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന രീതിയില്‍ ഒരു വിശദീകരണം കെ ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരുന്നു. എന്നാല്‍ മേല്പറഞ്ഞ വിശദീകരണത്തിലും ജമ്മു കാശ്മീര്‍ സംബന്ധിച്ച് ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ കെ ടി ജലീല്‍ തയ്യാറായിട്ടില്ല എന്നത് ഈ വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറയുന്നു.
നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കത്തിൽ ആവശ്യപ്പെട്ടു.അതേസമയം ജലീലിനെതിരെ ഡല്‍ഹി പോലീസ് കുരുക്ക് മുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
