അയോധ്യ: 22.23 ലക്ഷം ദീപങ്ങൾ (മൺവിളക്കുകൾ) കത്തിച്ച് അയോധ്യയിലെ ദീപോത്സവം പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. അയോധ്യയിലെ സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായി 22.23 ലക്ഷം ദീപങ്ങൾ തെളിയിച്ചാണ് ഗിന്നസ് റെക്കോർഡിട്ടത്. ഈ വർഷം ശിവരാത്രി ദിനത്തിൽ 18.8 ലക്ഷം ദിയകളുമായി ഉജ്ജയിനിൽ നേരത്തെ റെക്കോർഡ് ഉണ്ടായിരുന്നു.
2017-ൽ യോഗി ആദിത്യനാഥ് സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിലെ ‘ദീപോത്സവ്’ ആഘോഷങ്ങൾ ആരംഭിച്ചത്. 2017-ൽ 51,000 ദീപങ്ങളിൽ തുടങ്ങി, 2019-ൽ 4.10 ലക്ഷവും 2020-ൽ 6 ലക്ഷവും 2021-ൽ 9 ലക്ഷവും ആയി ഉയർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.
2022-ൽ, രാം കി പൈരിയിലെ ഘാട്ടുകളിൽ 17 ലക്ഷത്തിലധികം ചിരാതുകൾ കത്തിച്ചു, എന്നാൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അഞ്ച് മിനിറ്റോ അതിൽ കൂടുതലോ കത്തിച്ച ആ മൺവിളക്കുകളെ മാത്രമേ പരിഗണിച്ചുള്ളൂ. അതുപ്രകാരം റെക്കോർഡ് 15.76 ലക്ഷം ആയിരുന്നു. ഇത്തവണ ഈ റെക്കോർഡും ഭേദിച്ചിരിക്കുകയാണ്.
ഒക്ടോബറിൽ നടന്ന അവസാന ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു. അയോധ്യയിൽ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ ഈ വർഷത്തെ ചടങ്ങ് പ്രത്യേകമായിരിക്കും.