അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്- കായികതാരങ്ങളുമടങ്ങുന്ന വി.വി.ഐ.പി.കളെത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കുന്നത്. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്.
13,000 സേനാംഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്രദേശ് പോലീസ് തേടിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 10,000 സിസിടിവികൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളടക്കം തടയുന്നതിനും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനുമായി ദുരന്തനിവാരണസേനയും (എൻ.ഡി.ആർ.എഫ്.) രംഗത്തുണ്ട്.
റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയും പല സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സരയൂ നദിയിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.