
ദാവിദും ഗോലിയാത്തും, പലമാനങ്ങളുള്ളൊരു കഥ. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് നോക്കിയാലും നിങ്ങള്‍ക്ക് ഒരു ദാവിദിനേയും ഗോലിയാത്തിനേയും കാണാനാകും. കിരീടസാധ്യകളൊന്നും കല്‍പ്പിക്കപ്പെടാത്ത മിച്ചല്‍ സാന്റനറിന്റെ സംഘം. മറുവശത്ത് ഫോര്‍മാറ്റിലെ മഹാമേരുവായ ഇന്ത്യ. രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ മൈതാനം, അവിടെ ആ വിഖ്യാത പോരാട്ടം പോലൊന്ന് സംഭവിക്കുമോ. അത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാൻ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചില നിര്‍ണായക ബാറ്റിലുകള് ജയിച്ചെ മതിയാകു. ഇവിടെ സൂര്യയുടെ പ്രധാന ആയുധങ്ങളാകുക വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര.
ഇന്ത്യയ്ക്ക് സമാനമായി ഹൈലി അഗ്രസീവ് അല്ല ന്യൂസിലൻഡ്, പക്ഷേ ഹൈലി ടാക്റ്റിക്കലാണ്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവര്‍ കീഴടക്കിയ വിധം തന്നെ അതിന് ഉദാഹാരണമാണ്. പ്രോട്ടിയാസ് ബാറ്റിങ് നിരയെ അളന്നുമുറിച്ച് കീഴടക്കി, ബൗളിങ് യൂണിറ്റിനെ ദയയില്ലാതെ നേരിട്ടു. കിവികളുടെ ഓപ്പണിങ് സഖ്യം തന്നെയാണ് കരുത്ത്. ഫിൻ അലൻ – ടിം സെയ്ഫര്‍ട്ട്. ലോകകപ്പിലെ ന്യൂസിലൻഡിന്റെ 48 ശതമാനം റണ്‍സും നേടിയത് ഇരുവരും ചേര്‍ന്നാണ്.
ടൂര്‍ണമെന്റില്‍ പേസ് ബൗളിങ്ങിനെതിരെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് ന്യൂസിലൻഡ്. കിവി ബാറ്റര്‍മാര്‍ പേസിനെ നേരിടുന്ന സ്ട്രൈക്ക് റേറ്റ് 177 ആണ്. എന്നാല്‍ ഫിൻ അലന്റേത് മാത്രമോ, 220ന് മുകളില്‍. പേസര്‍മാര്‍ക്കെതിരെ പുറത്തായിട്ടുള്ളത് രണ്ടേ രണ്ട് തവണ. സെയ്ഫര്‍ട്ട് – ഫിൻ അലൻ സഖ്യമാണ് . ഇവിടെയാണ് ഇന്ത്യ വരുണ്‍ ചക്രവര്‍ത്തിയേയും ബുമ്രയേയും പ്രയോഗിക്കുക.
പേസര്‍മാര്‍ക്കെതിരെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്ന ഫിൻ അലന് സ്പിന്നര്‍മാര്‍ക്കെതിരെ അത്ര മികവ് പുലര്‍ത്തുന്നില്ല. പ്രത്യേകിച്ചു മിസ്റ്ററി സ്പിന്നര്‍മാര്‍ക്കെതിരെ. ലോകകപ്പില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ഫിൻ അലനെ മിസ്റ്ററി സ്പിന്നര്‍മാരായ മുജീബ് ഉര് റഹ്മാനും മഹേഷ് തീക്ഷണയും മടക്കിയിട്ടുണ്ട്. വരുണ്‍ സാധ്യതകളും പര്‍പ്ലേയില്‍ തന്നെയായിരിക്കും. മോശം ഫോമിനെ മറികടക്കാൻ ശ്രമിക്കുന്ന വരുണിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള ഏറ്റവും നല്ല അവസരം.
മറുവശത്ത് സെയ്ഫര്‍ട്ടിന് ബുമ്രയും അര്‍ഷദീപും. ഇരുവരും സെയ്ഫര്‍ട്ടിനെ രണ്ട് തവണ വീതം പുറത്താക്കിയിട്ടുണ്ട്. ബുമ്രയ്ക്ക് എതിരായ സെയ്ഫര്‍ട്ടിന്റെ സ്ട്രൈക്ക് റേറ്റ് 124 മാത്രമാണ്. ഓപ്പണര്‍മാരെ അതിവേഗം മടക്കാൻ കഴിഞ്ഞാല്‍ ന്യൂസിലൻഡിന്റെ മധ്യനിരയിലേക്ക് ഇന്ത്യൻ ബൗളര്‍മാര്‍ക്ക് എൻട്രി ലഭിക്കും. അക്സര്‍ പട്ടേലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഓവറുകള്‍. കിവി മധ്യനിരയിലെ പ്രധാന ബാറ്റര്‍മാരാണ് ഡാരില്‍ മിച്ചലും ഗ്ലെൻ ഫിലിപ്സും.
മിച്ചല്‍ ഫോമിലല്ലെങ്കിലും ഫിലിപ്സ് ടൂര്‍ണമെന്റില്‍ 160 സ്ട്രൈക്ക് റേറ്റില്‍ 176 റണ്‍സ് നേടിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ അക്സര്‍ നിര്‍ണായകമാണ്. ഫിലിപ്സിന മൂന്ന് പ്രാവശ്യവും മിച്ചലിനെ രണ്ട് തവണയും കരിയറില്‍ പുറത്താക്കിയിട്ടുണ്ട് അക്സര്‍. ഇടം കയ്യൻ സ്പിന്നര്‍ക്കെതിരായ ഇരുവരുടേയും ശരാശരി പോലും 20ല്‍ താഴെയാണ്, ഫിലിപ്സിന്റേത് 10 മാത്രവും. മധ്യ ഓവറില്‍ കളിതിരിക്കാൻ അക്സറിന്റെ പന്തുകള്‍ തന്നെ സൂര്യക്ക് ഉപയോഗിക്കാം.
മേല്പ്പറഞ്ഞവയ്ക്കൊപ്പം ചേര്‍ത്തുവെക്കാനുള്ളത് ഹാര്‍ദിക്ക് പാണ്ഡ്യയുടെ പേരാണ്. അഹമ്മദാബാദില്‍ ഇന്ത്യൻ ടീമിലെ മറ്റേതൊരു താരത്തേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ട് ഹാര്‍ദിക്കിന്. 227 റണ്‍സാണ് അഹമ്മദാബാദില്‍ ഹാര്‍ദിക്ക് സ്കോര്‍ ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ മാത്രം 16 സിക്സറുകള്‍. ഒൻപത് വിക്കറ്റും. ജസ്പ്രിത് ബുമ്ര അഹമ്മദാബാദില്‍ ആറ് വിക്കറ്റും നേടിയിട്ടുണ്ട്. ഹാര്‍ദിക്കിന്റെ നാല് ഓവറുകള്‍ ബുമ്രയുടേതുപൊലെ തന്നെ ക്യൂഷ്വലായേക്കും,
ഇതുമാത്രമല്ല, ഓഫ് സ്പിന്നറായ കോള്‍ മക്കോഞ്ചിയെ ഇന്ത്യയുടെ ഇടം കയ്യൻ ബാറ്റര്‍മാര്‍ കരുതിയിരിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലില്‍ മക്കോഞ്ചി ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. വീഴ്ത്തിയത് മുൻനിരയിലെ ഇടം കയ്യൻ ബാറ്റർമാരായ റയാൻ റിക്കല്‍ട്ടണേയും ക്വിന്റണ്‍ ഡി കോക്കിനേയും. സഞ്ജുവിനായി മാറ്റ് ഹെൻറിയും മിച്ചല്‍ സാന്റനറും കാത്തിരിക്കുന്നു.


