പാലക്കാട്: എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെയ്ക്കുന്നുവെന്ന് ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെയെന്താകുമെന്ന് പ്രവചിക്കാനാവില്ല. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മുരളീധരനുമെല്ലാം പ്രിയപ്പെട്ടവരാണ്. എന്നാൽ കോൺഗ്രസിലുള്ള തന്റെ എല്ലാ പ്രതീക്ഷയും ഇപ്പോൾ നഷ്ടപ്പെട്ടു. രാജി അനിവാര്യമാണെന്ന് സ്വയം തോന്നിതയിനാലാണ് കോൺഗ്രസ് വിട്ടതെന്നും മറ്റ് പാർട്ടിയിലേക്ക് ഉടനില്ലെന്നും ഗോപിനാഥ് അറിയിച്ചു.
കോൺഗ്രസിന്റെ തടസ്സക്കാരനായി മാറുന്നുണ്ടോ എന്ന സംശയം എന്നും അലട്ടിയിരുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. പലതവണ മനസിനോട് ആവർത്തിച്ച് ചോദിച്ചു. ഇനി തടസ്സമായി നിൽക്കില്ല. ഈ നിമിഷം മുതൽ താൻ കോൺഗ്രസുകാരനല്ല. കുടുംബത്തിനെക്കാൾ ഉപരി കോൺഗ്രസിനെ താൻ സ്നേഹിച്ചുവെന്നും ആരുടേയും പ്രേരണക്ക് വഴങ്ങിയല്ല രാജിയെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് തന്റെ ജീവനാഡിയാണ്. പ്രസ്ഥാനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. നാൽപത്തിമൂന്ന് വർഷത്തോളം പാലക്കാടിനെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി സംരക്ഷിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് തന്റെ പ്രതീക്ഷയ്ക്കൊത്ത് വളരാൻ സാധിച്ചില്ലെന്ന് ഗോപിനാഥ് പറഞ്ഞു.
പാർട്ടി അംഗത്വം രാജിവെച്ച ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്തു. സിപിഎമ്മിനോട് സഹകരിക്കുമെന്നത് തള്ളാതെയുള്ള പരാമർശമായിരുന്നു അദ്ദേഹത്തിന്റേത്. ആരുടേയും എച്ചിൽ നക്കാൻ ഇതുവരെ പോയിട്ടില്ല. പിണറായി വിജയന്റെ ചെരുപ്പ് നക്കേണ്ടി വന്നാൽ അതിൽ അഭിമാനിക്കുന്നു. പിണറായിയുടെ വീട്ടിലെ വേലക്കാരനാവുക എന്നതും അഭിമാനമാണ്. മനസിൽ പ്രതിഷ്ഠിച്ചത് കെ. കരുണാകരനെ മാത്രമാണ്. അദ്ദേഹത്തിന്റെ ആത്മാവ് തന്നോട് പൊറുക്കട്ടൈന്നും ഗോപിനാഥ് പറഞ്ഞു.