മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയായ ‘ഓട്ടം ഫെയർ’ ഡിസംബർ 13 മുതൽ 21 വരെ നടക്കും. സനാബീസിലെ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് 9 ദിവസം നീണ്ടു നിൽക്കുന്ന മേള നടക്കുന്നത്. ശരത് കാല മേളയുടെ 32-ാമത് പതിപ്പാണ് നടക്കാൻ പോകുന്നത്. 16,600 ചതുരശ്ര മീറ്റർ സ്ഥലത്ത് നടക്കുന്ന പ്രദർശനത്തിൽ 18 രാജ്യങ്ങളിൽനിന്നുള്ള 600 സ്റ്റാളുകളുണ്ടാകും. വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദർശനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തെക്കാൾ 15 ശതമാനം വർധനയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
വസ്ത്രങ്ങൾ, ഷൂകൾ, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ ഇൻഡോർ മാർക്കറ്റ് സ്റ്റാൾ ഷോപ്പിംഗ് ഫെസ്റ്റിവലാണ് ഓട്ടം ഫെയർ. ഫുഡ് ട്രക്കുകൾ, കലാപരിപാടികൾ, പ്രാദേശിക ഉൽപന്നങ്ങൾക്കായുള്ള കാർഷിക ചന്ത എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള വിനോദ പരിപാടികളാണ് മറ്റൊരു പ്രത്യേകത. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ, പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ www.theautumnfair.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന ഡിജിറ്റൽ ബാഡ്ജ് പ്രദർശന കാലയളവിൽ മുഴുവൻ ഉപയോഗിക്കാം. 1,65,000 സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
