മനാമ: ബഹറിനിലെ ഏറ്റവും വലിയ ഷോപ്പിങ് മേളകളിൽ ഒന്നായ ഓട്ടം ഫെയറിന്റെ സന്ദർശക രജിസ്ട്രേഷന് തുടക്കമായി. https://bit.ly/46zX6Iu എന്ന വെബ്സൈറ്റ് വഴി സൗജന്യ പ്രവേശനത്തിനുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 21 മുതൽ 29 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ അഞ്ച്, ആറ് ഹാളുകളിലാണ് ശരത്കാല മേള നടക്കുക. 1979 മുതൽ ആരംഭിച്ച ശരത്കാല മേളയുടെ ഇത്തവണത്തെ സംഘാടകർ ഇൻഫോർമാ മാർക്കറ്റ്സ് ആണ്.
18,000 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന പ്രദർശനത്തിൽ 18 രാജ്യങ്ങളിൽ നിന്ന് 680 ലധികം സ്റ്റാളുകളുണ്ടാകും. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നായി 1,65,000 സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാളുകളും ഇത്തവണ ഉണ്ടായിരിക്കും. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ വാർഷിക ഉപഭോക്തൃ മേളയിൽ ഭക്ഷണവിഭവങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതൽ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ വരെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും.