മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃമേളയായ ഓട്ടം ഫെയറിന്റെ 34-ാമത് പതിപ്പിന് തുടക്കമായി. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന ശരത്കാല മേള ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) സിഇഒ ഡോ. നാസർ അലി ഖാഇദി, അംബാസഡർമാർ, നയതന്ത്രജ്ഞർ, ബിസിനസുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 29 വരെ നീളുന്ന മേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 557 പ്രദർശകരാണ് പങ്കെടുക്കുന്നത്. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽ നിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണത്തെ പ്രദർശനത്തിനുണ്ട്.
18,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ബഹ്റൈനിലെ ഏറ്റവും പ്രശസ്തമായ ഉപഭോക്തൃ ഉൽപന്ന മേളയിൽ തുണിത്തരങ്ങളും ഫർണിച്ചറുകളും മുതൽ ഇലക്ട്രിക്കൽ സാധനങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, അലങ്കാരങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവും നടക്കും. കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള വിപുലമായ അവസരമാണ് ഫെയറിൽ ഒരുക്കിയിരിക്കുന്നത്. മേളയിൽ പ്രവേശനം സൗജന്യമാണ്. ജിസിസി രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും പ്രാദേശികമായും അന്തർദേശീയമായും 1,56,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.