
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയായ ‘ഓട്ടം ഫെയർ’ ന് തുടക്കമായി. ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയുടെ രക്ഷാകർതൃത്വത്തിൽ സഖീറിലെ പുതിയ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ആണ് മേള നടക്കുന്നത്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ചില്ലറ വിൽപന മേളയുടെ 33-ാമത് പതിപ്പിൽ ലോകമെമ്പാടുമുള്ള ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിക്കുന്നു. 95,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രദർശന നഗരിയിൽ 5, 6 ഹാളുകളിലായി 14 രാജ്യങ്ങളിൽ നിന്നുള്ള 650-ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.
സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ഈജിപ്ത്, യമൻ, ഫലസ്തീൻ, സുഡാൻ, ഇന്ത്യ, പാകിസ്താൻ, തുർക്കി, തായ്ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തം മേളയിലുണ്ട്. വസ്ത്രങ്ങൾ, ഷൂകൾ, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ ഇൻഡോർ മാർക്കറ്റ് സ്റ്റാൾ ഷോപ്പിംഗ് ഫെസ്റ്റിവലാണ് ഓട്ടം ഫെയർ. 165,000-ത്തിലധികം സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
ഒമ്പത് ദിവസവും സൗജന്യ പ്രവേശനമാണ് അനുവദിച്ചിട്ടുള്ളത്. 15 വയസ്സിന് മുകളിലുള്ളവർ ശരത്കാല മേള സന്ദർശിക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും മേള പ്രവർത്തിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയുള്ള സമയത്ത് സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. വൈകീട്ട് നാലുമുതൽ രാത്രി 10 വരെ എല്ലാവർക്കും പ്രവേശനമുണ്ട്. ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലുമുതൽ 10 വരെയും മേള സന്ദർശിക്കാം. ഡിസംബർ 29നും 30നും രാവിലെ 10 മുതൽ രാത്രി 10 വരെ മേള പ്രവർത്തിക്കുന്നതാണ്.
ശരത്കാല മേള ഡിസംബർ 30 വരെ നീണ്ടുനിൽക്കും.
