ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷോൺ മാർഷ്. 23 വർഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിന് മെൽബൺ റെനഗേഡ്സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ അവസാനമാകുമെന്ന് താരം പറഞ്ഞു. സുഹൃത്തും സഹതാരവുമായ ആരോൺ ഫിഞ്ചും കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനമാണ് മാർഷ് പുറത്തെടുക്കുന്നത്. ഈ സീസണിൽ 45.25 ശരാശരിയിൽ 181 റൺസാണ് താരം നേടിയത്. റെനഗേഡ്സിന് വേണ്ടി കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കഴിഞ്ഞ അഞ്ച് വർഷമായി ടീമിൽ മികച്ച ആളുകളെയാണ് കണ്ടുമുട്ടിയത്. കൂടെയുള്ള സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. റെനഗേഡ്സ് എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. തന്റെ യാത്രയിൽ ഒപ്പം നിന്ന ആരാധകരുടെയും താരങ്ങളുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നതായും മാർഷ് വ്യക്തമാക്കി.
ബിഗ് ബാഷ് ലീഗിന്റെ 2019-20 സീസണിലാണ് മാർഷ് റെനഗേഡ്സിലേക്ക് എത്തിയത്. അതിന് മുമ്പ് പെർത്ത് സ്കോർച്ചേഴ്സിന്റെ താരമായിരുന്നു മാർഷ്. ഓസ്ട്രേലിയയ്ക്കായി 38 ടെസ്റ്റുകളിലും(2265 റൺസ്) 73 ഏകദിനങ്ങളിലും(2773 റൺസ്) 15 ടി20യിലും(255 റൺസ്) ഷോൺ മാർഷ് കളിച്ചിട്ടുണ്ട്. ഇതിൽ 13 സെഞ്ച്വറികളും 25 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.