തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ കളക്ടറും ജില്ലാ ദുരന്തവിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ.നവ്ജ്യോത്ഖോസയുടെ ഉത്തരവ്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ, നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആനപ്പുറത്തെഴുന്നള്ളത്ത് നടത്താവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. പൂജാരിമാർ ഉൾപ്പെടെ 25 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരോ അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം.
ഘോഷയാത്രക്ക് ഔദ്യോഗികവാഹനങ്ങൾ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളു. പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷണിയോ, വിളംബര വാഹനങ്ങളോ പാടില്ല. വഴിപൂജയോ മറ്റ് നേർച്ച ദ്രവ്യങ്ങളോ അനുവദിക്കില്ല. വഴിനീളെ ആഹാര പദാർത്ഥങ്ങൾ വിതരണം ചെയ്യാനോ പുഷ്പവൃഷ്ടി നടത്താനോ പാടില്ല.
പൊതുജനങ്ങൾ ഘോഷയാത്രയെ അനുഗമിക്കുന്നില്ലെന്ന് പോലീസും സംഘാടകരും ഉറപ്പുവരുത്തണം. എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ (മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം) കർശനമായി പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.