
തിരുവനന്തപുരം: കേരളത്തിലെ ഒൻപത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കക്കി, മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട് ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിരിക്കുകയാണ്. നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. തുടർന്ന് ഡാമുകൾക്ക് അരികിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം നൽകി. ബാണാസുര സാഗറിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് ഉയർത്തിയിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ 20 സെന്റിമീറ്ററായി വീണ്ടും ഉയർത്തി. ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി.
കേരളത്തിൽ ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കിയത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
