
കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം.
കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുണ്ടറയിൽ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്ന കാര്യങ്ങളൊക്കെ പരിശോധിച്ചു വരികയാണ്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും.
കേന്ദ്ര ഏജൻസികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതൽ പേർ സംഭവത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.
