അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസ്സപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.
മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിക്കുമ്ബോള്‍ മധുവിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിക്കുകയും ചെയ്തു.
കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിട്ടുണ്ട്.
2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്‍്റെ കൊലപാതകം നടന്നത്. ലോകത്തിന് മുന്പില് കേരളം തല താഴ്ത്തി നിന്നനാളുകളായിരുന്നു അത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
