
മലപ്പുറം: പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.
ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു യുവാവ് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇതു സംബന്ധിച്ചു വിവരങ്ങൾ ചോദിച്ചറിയാനെത്തിയ നാട്ടുകാരും യുവാവിനെ അനുകൂലിക്കുന്നവരും തമ്മിൽ തർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഉടൻ തന്നെ എത്തിയ പോലീസ് സമാധാന ശ്രമങ്ങൾ നടത്തുകയും തടിച്ചുകൂടിയ ആളുകളെ മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെ ഇവിടെ നേരിയ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിരുന്നു രാത്രിയിലെ സംഘർഷം. നാട്ടുകാരായ കെ.സി. ഷാജഹാൻ, എ.പി. ഉമ്മർ, വി.പി. ഫൈസൽ, എം.പി. ബഷീർ, വി.പി. ഫിറോസ്, ആർ.പി. യൂസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
