ന്യൂഡല്‍ഹി: കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്കിയ രേഖകളില്‍ സമ്മതിച്ച് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക. വാക്സിന് നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ആസ്ട്രാസെനേക്ക ബ്രിട്ടനിലെ ഹൈക്കോടതിയില്‍ കേസ് നേരിടുന്നത്. 51 കേസുകളിലെ ഇരകള്‍ 10 കോടി പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിനും ഇടയാക്കുമെന്നും രേഖകളില്‍ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ആസ്ട്രാസെനക- ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന് അവസാനിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് ഒക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാസെനേക്ക വാക്സിന് വികസിപ്പിച്ചത്. ഇത് ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.