ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്മണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് പിടിയിലായത്. ബിജെപി പശ്ചാത്തലമുള്ള ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രസാദാണ് കൊലയാളി സംഘത്തിന് വാഹനം സംഘടിപ്പിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ഇയാൾ വാടകയ്ക്ക് എടുത്ത കാറാണ് കൊലയാളി സംഘം ഉപയോഗിച്ചത്. തീർഥാടനയാത്രയ്ക്ക് എന്ന് പറഞ്ഞാണ് കാർ എടുത്തത്. വാഹനം കൊലയാളികൾക്ക് എത്തിച്ച് നൽകിയത് കൊച്ചുകുട്ടനാണ്. ഇവർക്ക് കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
