
ദില്ലി: തങ്ങളുടെ നടപടിക്ക് സമാനമായ നിലയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക. ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് ഈ നീക്കം. അമേരിക്ക ചെലുത്തിയ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങാത്തതും ചൈനയും ഇന്ത്യയും സൗഹൃദം ശക്തമാക്കുന്നതുമാണ് പുതിയ നീക്കത്തിലേക്ക് ട്രംപിനെ എത്തിച്ചത്.
റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മേലെ മാത്രം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ വിമർശിക്കപ്പെട്ടതെങ്കിലും ഇന്ത്യയെ മാത്രം വരുതിക്ക് നിർത്താനുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനോട് മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല. ട്രംപിന്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ടിയാൻജിനിൽ ഇന്നും നാളെയുമായി നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇവിടെ വച്ച് ഇവരെല്ലാം തമ്മിൽ കൂടിക്കാഴ്ച നടത്തും. അതിനാൽ തന്നെ അമേരിക്കയുടെ സമ്മർദ്ദം ഇവിടെ ചർച്ചയാകും. ഈ സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യക്കെതിരെ തിരിയാൻ യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തുന്നത്.
