മനാമ: കള്ളപ്പണത്തിന്റെ ഉറവിടങ്ങൾ മറയ്ക്കാൻ ഐ.ടി രീതികൾ ഉപയോഗിച്ച ധനകാര്യ കമ്പനിയിലെ ഏഷ്യൻ ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി നാഷനൽ ഫിനാൻഷ്യൽ ഇന്റലിജൻസ് സെന്റർ അറിയിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
യഥാർഥ സാമ്പത്തിക സ്രോതസ്സുകൾ വെളിപ്പെടാതിരിക്കാൻ പണം അയച്ചവരുടെ വിവരങ്ങൾ മാറ്റാൻ ഇയാൾ ശ്രമിച്ചെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരോധിക്കുന്നതിനും ചെറുക്കുന്നതിനുമുള്ള നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.