മനാമ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഹ്റൈനിൽ പ്രവേശിച്ചതിന് ഏഷ്യൻ ദമ്പതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ കാലാവധി കഴിഞ്ഞയുടൻ നാടുകടത്താനും വിധിച്ചു.
മലേഷ്യയിൽ നിന്നുള്ള സാധുവായ പാസ്പോർട്ടുമായാണ് ഇവർ യുഎഇയിലെത്തിയത്. എന്നാൽ ഈ പാസ്സ്പോർട്ടുകൾ യഥാർത്ഥത്തിൽ അവരുടേതല്ലായിരുന്നു. പ്രതികളുടെ മുഖം രണ്ട് പാസ്പോർട്ടുകളിലെയും ഫോട്ടോകളുമായി കാഴ്ചയിൽ സമാനതയുണ്ടായിരുന്നു. അതനുസരിച്ച്, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്പോർട്ടുകൾ ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്ത് രണ്ട് പ്രതികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞു.
മൂന്ന് ദിവസം ബഹ്റൈനിൽ തങ്ങിയ ഇവർ അതേ പാസ്പോർട്ട് ഉപയോഗിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങവെയാണ് എയർപോർട്ട് ജീവനക്കാർക്ക് ചില സംശയങ്ങൾ ഉണ്ടായത്. പരിശോധനയിൽ അവർ പാസ്പോർട്ടിന്റെ യഥാർത്ഥ ഉടമകളല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തങ്ങളുടെ രാജ്യത്തിന്റെ പാസ്പോർട്ട് അപകടസാധ്യതയുള്ളതാണെന്ന് കേട്ടതിനാലാണ് ബഹ്റൈനിലേക്ക് പ്രവേശിക്കാൻ മറ്റ് ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയതെന്ന് ദമ്പതികൾ സമ്മതിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് അയക്കുകയായിരുന്നു.