ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിലും 64 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്കോര്‍: ഇംഗ്ലണ്ട് 218, 195 & ഇന്ത്യ 477. ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നേടിയ ആര് അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിന് (84) മാത്രമാണ് അ്ല്‍പമെങ്കിലും പിടിച്ചുനില്ക്കാന് സാധിച്ചത്. ജോണി ബെയര്‍സ്റ്റോ (39), ഒല്ലി പോപ് (19), ടോം ഹാര്‍ട്ലി (20), ഷൊയ്ബ് ബഷീര്‍ () എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 128 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികള്‍ നേടി. ജെയിംസ് ആൻഡേഴ്സണ് (0) പുറത്താവാതെ നിന്നു. അശ്വിന് പുറമെ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്.
ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ 259 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി. 473-8 എന്ന സ്കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്ഡേഴ്സണ് 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു.
എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ആന്ഡേഴ്സണ്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ആന്‍ഡേഴ്സണിന് പുറമെ ടോം ഹാര്ട്ലിയും രണ്ട് വിക്കറ്റ് പേരിലാക്കി. നേരത്തെ, നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ (103), മൂന്നാമന് ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന് (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി.
രവീന്ദ്ര ജഡേജ (15), ധ്രുവ് ജൂറെല്‍ (15), രവിചന്ദ്രന്‍ അശ്വിന് (0), കുല്‍ദീപ് യാദവ് (69 പന്തില്‍ 30), ജസ്പ്രീത് ബുമ്ര (64 പന്തില്‍ 20), മുഹമ്മദ് സിറാജ് (2 പന്തില്‍ 0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. നേരത്തെ ഇംഗ്ലണ്ട് 218 റണ്‍സില്‍ പുറത്തായപ്പോള്‍ 79 റണ്‍സ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്കോറര്‍.