
കോഴിക്കോട്: തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഒരു ശതമാനം ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് സി.ഐ.ടി.യുവിന്റെ ഭീഷണി. ആശാ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമയാണ് ഭീഷണി സ്വരത്തില്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്ട് ആദായനികുതി ഓഫീസിനു മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് പ്രേമ പറഞ്ഞു. ഇന്നു കേരളത്തില്‍ അനുഭവിക്കുന്ന സുഖം രാജ്യത്ത് വേറൊരിടത്തും ഇല്ല. നമ്മള് സമരം ചെയ്യേണ്ടത് കേന്ദ്രത്തിനു മുന്നിലാണ്. കേന്ദ്രത്തിനു മുന്നില്‍ സമരം നടത്തുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണം. കേന്ദ്രം തരേണ്ട ആനൂകൂല്യത്തിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുകയും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചീത്തവിളിക്കുകയും ചെയ്യുന്നതില്‍ എന്തു കാര്യമാണുള്ളത്? കേരളത്തിലെ 26,117 ആശാ വര്‍ക്കര്‍മാരില്‍ 20,355 പേരും സി.ഐ.ടി.യുവില്‍ അംഗങ്ങളാണ്. അവരിലൊരാള്‍ പോലും സമരത്തിനു പോയിട്ടില്ല. പോയവര്‍ കബളിക്കപ്പെട്ടു. സമരം നിങ്ങളുടെ ജോലിയെ ബാധിക്കുന്ന പ്രശ്നമായി മാറും. നിങ്ങള്‍ ഇതു തിരിച്ചറിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കണം. ഓണറേറിയം വര്‍ധിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കാനോ അവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനോ കേന്ദ്രം തയാറാകുന്നില്ലെന്നും പ്രേമ ആരോപിച്ചു.
ആശാ വര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് കുടിശ്ശിക അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യം നടപ്പാക്കുക, വിരമിക്കല്‍ പ്രായം 65 ആക്കുക, ഇ.എസ്.ഐയും പി.എഫും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബദല്‍ സമരം.
